Special Projects

Kidney Patients Welfare Society

Project Status:
image

വൃക്ക രോഗികള്ക്ക് വേണ്ടിയുള്ള കാരുണ്യ കൂട്ടായ്മ

(കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി)

     2006 മുതല്‍  മലപ്പുറം ജില്ലയിലെ പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്നി പേഷ്യന്റസ് വെല്ഫെയര്‍ സൊസൈറ്റി രൂപീകരിച്ച് പ്രവര്ത്തിച്ച് കൊണ്ടിരിക്കുന്നു. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് അനുസരിച്ച് രൂപീകരിച്ചതാണ് കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി. വൃക്ക രോഗികള്‍ മറ്റെല്ലാ രോഗികളില്‍ നിന്നും വിത്യസ്തമായി അനുഭവിച്ച് കൊണ്ടിരിക്കുന്ന മാനസികവും സാമ്പത്തികവുമായ പ്രയാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്ന്നാണ് ഇത്തരമൊരു സംരംഭത്തെ കുറിച്ച് ആലോചിച്ചത്.

പ്രവര്ത്തനങ്ങള്‍

  • ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന രോഗികള്ക്ക് സാമ്പത്തിക സഹായം നല്‍കല്‍.

  • വൃക്ക മാറ്റി വെച്ച രോഗികള്ക്ക് മരുന്ന് വിതരണം.

  • ഗവ: ആശുപത്രികളോട് ചേര്ന്ന് സൌജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കല്‍.

  • വൃക്ക രോഗം സംബന്ധിച്ച് ബോധവല്കരണത്തിനായി ക്ലാസ്സുകള്‍, ലഘു ലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്ശനം.

  • വൃക്ക രോഗ സാധ്യത മുന്കൂട്ടി കണ്ടെത്തുന്നതിന്ന് വേണ്ടി വൃക്ക രോഗ നിര്ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍.

  • വൃക്ക ദാനം സംബന്ധിച്ച ബോധവല്കരണവും പ്രോത്സാഹനവും.

  • വൃക്ക രോഗികള്ക്ക് സൌജന്യ നിരക്കില്‍ മെഡിക്കല്‍ പരിശോധനക്കുള്ള സൌകര്യമൊരുക്കല്‍.

 രോഗികളെ തെരെഞ്ഞെടുക്കുന്ന രീതി

     ഡയാലിസിസ് നടത്തികൊണ്ടിരിക്കുന്ന രോഗികള്‍ വെള്ളക്കടലാസില്‍ പൂര്ണ്ണ അഡ്രസ്സോടെ ഫോണ്‍ നമ്പറടക്കം എഴുതി ജില്ലാ പഞ്ചായത്തില്‍ പ്രവര്ത്തിക്കുന്ന സൊസൈറ്റി ഓഫീസില്‍ അപേക്ഷ നല്കണം. വൃക്ക മാറ്റിവെച്ചവര്ക്ക് മരുന്നിന് വേണ്ടി പ്രത്യേക അപേക്ഷാ ഫോറമുണ്ട്. ഡയാലിസിസ് ആരംഭിച്ചിട്ടില്ലാത്ത വൃക്ക രോഗികള്‍ക്ക് മരുന്നിനും പ്രത്യേക അപേക്ഷാ ഫോറമുണ്ട്. അപേക്ഷ ലഭിച്ചാല്‍ രോഗി താമസിക്കുന്ന പ്രദേശം ഉള്പ്പെടുന്ന പെയ്ന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലേക്ക് ഈ രോഗിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്ട്ട് നല്‍കുവാന്‍ നിര്ദ്ദേശം നല്കും. ജില്ലയിലെ 45 ഓളം പാലിയേറ്റീവ് ക്ലിനിക്കുകളാണ് രോഗികളുടെ അര്ഹത വിലയിരുത്തുന്നതിനും രോഗികള്ക്ക് സഹായം നല്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സൊസൈറ്റിയെ സഹായിക്കുന്നത്. ഇതിനായി പാലിയേറ്റീവ് ക്ലിനിക്കുകളില്‍ പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാരുണ്ട്. ഈ വളണ്ടിയര്മാര്‍ രോഗിയുടെ വീട്ടിലെത്തി അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് നേരിട്ട് കണ്ട് മനസ്സിലാക്കിയും മറ്റുള്ളവരോട് അന്വേഷിച്ചും വിശദമായ റിപ്പോര്ട്ട് തയ്യാറാക്കി ജില്ലാ പ ഞ്ചായത്തിന് കൈമാറും. എല്ലാ മാസവും അവസാനത്തില്‍ സൊസൈറ്റിയുടെ മീറ്റിംഗ് ചേര്ന്ന് അന്വേഷണ റിപ്പോര്ട്ടുകള്‍ പരിശോധിച്ച് സഹായം നല്കുന്നതിന് ശുപാര്ശ ചെയ്തവയെല്ലാം അതേ പടി അംഗീകരിക്കുകയും സാമ്പത്തിക ശേഷിയുള്ളവരുടെ കാര്യത്തില്‍ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി വെക്കുകയും ചെയ്യും. ഈ വിവരം രോഗിയെയും പാലിയേറ്റീവ് ക്ലിനിക്കിനെയും രേഖാ മൂലം അറിയിക്കും. രോഗികള് കിഡ്നി സൊസൈറ്റിയില്‍ നിന്ന് ലഭിക്കുന്ന അറിയിപ്പുമായി അവരുടെ പരിധിയില്‍ വരുന്ന പാലിയേറ്റീവ് ക്ലിനിക്കിലെത്തിയാല്‍ അവര്ക്ക് ഒരു ഡയാലിസിസിന് 250 രൂപ തോതില്‍ ഒരു മാസം പരമാവധി 2000 രൂപ സാമ്പത്തിക സഹായം അനുവദിക്കും. അവരില്‍ നിന്ന് സ്വീകരിക്കുന്ന റസീറ്റുകള്‍ ഓരോ മാസത്തിലും ജില്ലാ പഞ്ചായത്തില്‍ സമര്പ്പിച്ച് ഓരോ ക്ലിനിക്കും വിതരണം ചെയ്ത തുകക്കുള്ള ചെക്ക് പിന്നീട് കൈപറ്റും. ആദ്യം സഹായം നല്കുന്നത് പാലിയേറ്റീവ് ക്ലിനിക്കുകള്‍ അവരുടെ ഫണ്ടില്‍ നിന്നായിരിക്കും. ഈ തുക പിന്നീട് പാലീയേറ്റീവ് ക്ലിനിക്കുകള്ക്ക് റീം ഇംപേഴ്സ് ചെയ്യുകയാണ് സഹായ വിതരണ രീതി.

       വൃക്ക മാറ്റി വെച്ചവര്ക്കുള്ള മരുന്നും ഇതേ രീതിയിലാണ് വിതരണം ചെയ്യുന്നത്. ഓരോ രോഗിയുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഏറ്റവും വിലകൂടിയ മരുന്നുകള്‍ ചിലര്ക്ക് പൂര്ണ്ണമായും മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള സഹായം കൂടി ലഭിക്കുന്നവര്ക്ക് ഭാഗികമായും വിതരണം ചെയ്യും. ഡോക്ടറുടെ കുറിപ്പടിയുമായി രോഗി പാലിയേറ്റീവ് ക്ലിനിക്കില്‍ എത്തുകയും കിഡ്നി സൊസൈറ്റി മരുന്നുകള്‍ പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് നല്കുകയും ഇവിടുന്ന് രോഗികള്‍ മരുന്ന് കൈപറ്റുകയും ചെയ്യുന്ന രീതിയിലാണ് മരുന്ന് വിതരണം നടത്തുന്നത്. രോഗികള്‍ സഹായങ്ങള്ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്ത്തിക്കുന്ന കിഡ്നി സൊസൈറ്റി ഓഫീസില്‍ വരേണ്ടതില്ല. രോഗികളുടെ മരണം, മരുന്നുകളുടെ മാറ്റം തുടങ്ങിയവ പാലിയേറ്റീവ് ക്ലിനിക്കുകള്‍ ജില്ലാ പഞ്ചായത്തില്‍ അപ്പപ്പോള്‍ റിപ്പോര്ട്ട് ചെയ്യും. മാസത്തിലൊരിക്കല്‍ പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രതിനിധികളുടെ യോഗം ജില്ലാ പഞ്ചായത്തില്‍ വിളിച്ച് ചേര്ക്കും.

സാമ്പത്തിക സ്രോതസ്സ്

           പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനയാണ് ഈ ജീവ കാരുണ്യ പ്രവര്ത്തനത്തിന്റെ പ്രധാന സ്രോതസ്സ്.  വര്ഷത്തിലൊരിക്കല്‍ ജില്ലയിലെ സര്ക്കാര്‍ ജീവനക്കാര്‍, സ്കൂള്‍ വിദ്യാര്ത്ഥികള്‍, അധ്യാപകര്‍, മത-സമൂഹ്യ-സാംസ്കാരിക-സന്നദ്ധ സംഘടനകള് തുടങ്ങിയവര്‍ മുഖേന വിഭവ സമാഹരണം നടത്തും. ഇപ്രകാരം ലഭിക്കുന്ന സംഭാവനകളാണ് കിഡ്നി സൊസൈറ്റിയുടെ വിഭവ സ്രോതസ്സ്. ഗ്രാമ പഞ്ചായത്തുകള്ക്കും മുനിസിപ്പാലിറ്റികള്ക്കും അവരുടെ ഫണ്ടില്‍ നിന്ന് ഈ പ്രവര്ത്തനങ്ങള്ക്ക് വേണ്ടി സംഭാവന നല്കുന്നതിന് ഗവ: പ്രത്യേക അനുമതി നല്കി ഉത്തരവ് നല്കിയിട്ടുണ്ട്. സര്‍വ്വീസ് സഹകരണ ബാങ്കുുകള്ക്കും അവരുടെ കോമണ്‍ ഗുഡ് ഫണ്ടില്‍ നിന്ന് സംഭാവന നല്കുവാന്‍ സഹകരണ വകുപ്പ് അനുമതി നല്കീട്ടുണ്ട്. ഉദാരമതികളായ ചില വ്യക്തികള്‍ ഈ സംരംഭത്തിലേക്ക് എല്ലാ വര്ഷങ്ങളിലും മുടങ്ങാതെ സംഭാവന നല്കാറുണ്ട്. വര്ഷം തോറും 1000 രൂപ വാര്ഷിക വരി സംഖ്യയായി നല്കുുന്നവരുമുണ്ട്. വര്ഷത്തിലൊരിക്കല്‍ ജില്ലയിലെ മുസ്ലിം മത സംഘടനകള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച പ്രാര്ത്ഥനക്കെത്തുന്നവരില്‍ നിന്ന് സംഭാവന ശേഖരിച്ച് നല്കാറുണ്ട്. ബാങ്കുകളിലെ നിക്ഷേപങ്ങള്ക്കുള്ള പലിശയുടെ വിഹിതം സ്വീകരിക്കാത്ത ചില വ്യക്തികള്‍ ഈ തുക ഈ ജീവകാരുണ്യ പ്രവര്ത്തനത്തിനായി നല്കാറുണ്ട്. ഇപ്രകാരം ലഭിക്കുന്ന വരുമാനമാണ് വൃക്ക രോഗികള്‍ക്കായുള്ള ഈ സംരംഭത്തിന്റെ വിഭവ സ്രോതസ്സ്.ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് നല്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, തുടങ്ങിയവര്ക്ക് വിഭവ സമാഹരണ ക്യാമ്പയിന്റെ സമാപന-ഉദ്ഘാടന ചടങ്ങുകളില്‍ വെച്ച് സമ്മാനങ്ങള്‍ നല്കാറുണ്ട്.

രോഗികളുടെ എണ്ണം

         2006 ല്‍ സൊസൈറ്റി പ്രവര്ത്തനം തുടങ്ങിയത് മുതല്‍ 2014 ഡിസംബര്‍ വരെ 2889 രോഗികളാണ് ഡയാലിസിസ് നടത്തുന്നതിന്ന് സാനമ്പത്തിക സഹായം ആവശ്യപ്പെട്ട് സമീപിച്ചത്. ഇതില്‍ 2111 രോഗികള്ക്ക് മാസാന്തം 2000 രൂപ തോതില്‍ സഹായം നല്കുകയുണ്ടായി. ഇതില്‍ പലരും മരണപ്പെട്ടു. പലരും വൃക്ക മാറ്റി വെച്ചു. ഇപ്പോള്‍ 988 രോഗികള്ക്ക് ഡയാലിസിസ് നടത്തുന്നതിന് സഹായം നല്കി കൊണ്ടിരിക്കുന്നുണ്ട്. വൃക്ക മാറ്റി വെച്ച 445 രോഗികള്‍ മരുന്നിനായി അപേക്ഷ സമര്പ്പിച്ചു. ഇവരില്‍ 359 പേര്ക്ക് മരുന്ന് നല്കി സഹായിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഡയാലിസിസ് ആരംഭിക്കാത്ത 22 രോഗികള്‍ മരുന്നിന് വേണ്ടി അപേക്ഷ സമര്പ്പിച്ചതില്‍ 9 പേര്ക്ക് മരുന്ന് നല്കി കൊണ്ടിരിക്കുന്നുണ്ട്. ഇപ്രകാരം 1356 രോഗികള്ക്ക് ഇപ്പോള്‍ സഹായം നല്കി കൊണ്ടിരിക്കുന്നുണ്ട്. ഓരോ മാസവും ശരാശരി 50 പുതിയ രോഗികള്‍ സഹായം തേടി വരുന്നുണ്ട്.

വിഭവ സമാഹരണത്തില്‍ റിക്കാര്ഡ്

       വിദ്യാര്ത്ഥികളില്‍ രോഗികളോട് കരുണയും സഹ ജീവികളോട് സ്നേഹവുംമെല്ലാം വളര്ത്തി കൊണ്ട് വരിക എന്ന ലക്ഷ്യം കൂടി ഉദ്ദേശിച്ച് കൊണ്ടാണ് വൃക്ക രോഗികള്ക്ക് വേണ്ടി ജില്ലയിലെ വിദ്യാര്ത്ഥികളില്‍ നിന്ന് സംഭാവന ശേഖരണം ആരംഭിച്ചത്. നിര്ബന്ധ പൂര്‍വ്വമല്ലാതെ സന്മനസ്സാലെ കുട്ടികളില്‍ നിന്ന് സംഭാവന ശേഖരണമാണ് നടന്നത്. ഒരു ദിവസം കുട്ടികള്‍ ഐസ്ക്രീമും മിഠായിയുമെല്ലാം വാങ്ങിക്കുന്നതിന് ചിലവഴിക്കുന്ന തുക പാവപ്പെട്ട വൃക്ക രോഗികള്ക്ക് സഹായത്തിനായി നല്കണമെന്ന് അഭ്യര്ത്ഥിക്കുകയാണുണ്ടായത്. 2008ലാണ് ആദ്യമായി ഇത്തരമൊരു പരീക്ഷണം നടത്തിയത്. 16.21 ലക്ഷം രൂപ ഏക ദിന കലക്ഷനിലൂടെ ലഭിച്ചു. 2009 ല്‍ ഇത് 20.57 ലക്ഷമായി വര്ദ്ധിച്ചു. 2010 ല്‍ 22 ലക്ഷമായും 2011 ല്‍ 67.17 ലക്ഷമായും 2012 ല്‍ 90 ലക്ഷമായും 2013 ല്‍ 92.22 ലക്ഷമായും കുരുന്നുമക്കളുടെ ഈ കാരുണ്യ കൈനീട്ടം വര്ദ്ധിച്ചു. കനിവിന്റെ വറ്റാത്ത നീരുറവയായി മാറുകയായിരുന്നു ഈ പരീക്ഷണം. 2014-15 അധ്യയന വര്ഷത്തെ വിദ്യാലയ തല വിഭവ സമാഹരണം അവസാനിച്ചിട്ടില്ല. ഇത് വരെ ലഭ്യമായ കണക്ക് പ്രകാരം കുട്ടികളുടെ സംഭാവന ഒരു കോടി് രൂപ കവിഞ്ഞിട്ടുണ്ട്.

     പൊതു ജനങ്ങള്‍, ആരാധനാലയങ്ങള്‍, സര്ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, മറ്റ് സാമൂഹ്യ - സാംസ്കാരിക - സന്നദ്ധ സംഘടനകള്‍ വഴിയുള്ള ജനകീയ വിഭവ സമാഹരണം വഴി ലഭിക്കുന്ന സംഭാവനയാണ് മറ്റൊരു പ്രധാന സ്രോതസ്സ്. 2007 മുതല്‍ ഈ രിതിയില്‍ ഒരു പ്രത്യേക കാലയളവ് നിശ്ചയിച്ച് വിഭവ സമാഹരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്.

         2007 ല്‍  1269 ലക്ഷം രൂപയും 2008 ല്‍ 23.39 ലക്ഷം രൂപയും 2009 ല്‍ 30.24 ലക്ഷം രൂപയും 2010 ല്‍  69.67 ലക്ഷം രൂപയും 2011 ല്‍ 2.03 കോടി രൂപയും 2012 ല്‍ 2.45 കോടി രൂപയും 2013 ല്‍ 2.47 കോടി രൂപയും ഈ കാമ്പയിനിലൂടെ സമാഹരിക്കുകയുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളുമെല്ലാം നല്കിയ സംഭാവനകളും ഇതില്‍ ഉള്പ്പെടുന്നതാണ്. 2014 - 15 കാമ്പയിനിലെ വിഭവ സമാഹരണം അവസാനിച്ചിട്ടില്ല. ഇത് വരെയായി 2.31 കോടി രൂപ ലഭിച്ചിട്ടുണ്ട്. മൊത്തത്തില്‍ 10.61 കോടി രൂപയാണ് ഈ മഹത്തായ ജീവ കാരുണ്യ പ്രവര്ത്തനത്തിന് വേണ്ടി ജനകീയ പങ്കാളിത്തത്തോടെ പൊതു ജനങ്ങളില്‍ നിന്നും വിദ്യാര്ത്ഥികളില്‍ നിന്നുമായി ശേഖരിച്ചത്. പാവപ്പെട്ട വൃക്ക രോഗികള്ക്ക് വേണ്ടി ഈ രീതിയില്‍ സംഭാവന ശേഖരിച്ച് ഇത്ര വിപുലമായി നടത്തപ്പെടുന്ന മറ്റൊരു ജീവ കാരുണ്യ പ്രവര്ത്തനം മറ്റൊരിടത്തുമില്ല.

സൌജന്യ ഡയാലിസിസ് യൂണിറ്റുകള്‍

  മേല്‍ സൂചിപ്പിച്ച പ്രവര്ത്തനങ്ങളോടൊപ്പം ഗവ: ആശുപത്രികളോടനുബന്ധിച്ച് ഏറ്റവും പാവപ്പെട്ട രോഗികള്ക്ക് പൂര്ണ്ണമായും സൌജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുക എന്നതും പ്രധാനപ്പെട്ട പദ്ധതിയായി ഏറ്റെടുത്തു. മലപ്പുറം ജില്ലയിലെ പൊന്നാനി പാര്‍ലമെന്റ് മെംമ്പര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് ഈ ശ്രമത്തിന് എല്ലാവിധ പിന്തുണയും നല്കി കൊണ്ട് ജില്ലാ പഞ്ചായത്തിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി അദ്ധേഹം 20 ലക്ഷം രൂപ വീതം അനുവദിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ്, സി.മമ്മുട്ടി എം.എല്‍.എ, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, പി.ശ്രീരാമ കൃഷ്ണന്‍ എം.എല്‍.എ എന്നിവരും ഡയാലിസിസ് യൂണിറ്റിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു.

          ജില്ലാ പഞ്ചായത്ത് മുന്‍ കയ്യെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലും പൊന്നാനി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റികള്‍ സ്ഥാപിച്ചു. ഇവിടെ ഏറ്റവും പാവപ്പെട്ട വൃക്ക രോഗികള്ക്ക് പൂര്ണ്ണമായും സൌജന്യമായി ഡയാലിസിസ് ചെയ്ത് കൊടുത്ത് കൊണ്ടിരിക്കുന്നു.

          ഈ ഡയാലിസിസ് യൂണിറ്റുകള്‍ക്കെല്ലാം കൂടി 4 കോടിയോളം രൂപ ചിലവായിട്ടുണ്ട്. നിലമ്പൂര്‍ താലൂക്ക് ആശുപത്രി മുനിസിപ്പാലിറ്റിയുടെ ഭരണത്തിന് കീഴിലിരുന്നപ്പോള്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിരുന്നു. എം.ഐ ഷാനവാസ് എം.പിയാണ് ഇതിന് ഫണ്ട് അനുവദിച്ചത്. നിലമ്പൂര്‍ താലൂക്ക് ആശുപത്രികള്‍ ജില്ലാ ആശുപത്രിയായി ഉയര്ത്തുകയും ജില്ലാ പഞ്ചായത്തിന് കൈമാറുകയും ചെയ്തതിന്ന് ശേഷം ഡയാലിസിസ് യൂണിറ്റ് വികസിപ്പിക്കുകയും കൂടുതല് രോഗികള്ക്ക് ഡയാലിസിസ് നടത്തുന്നതിന് സൌകര്യമൊരുക്കുകയും ചെയ്തു. പെരിന്തല്ണ്ണാ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്ത്തി ജില്ലാ പഞ്ചായത്തിന് കൈമാറിയ സാഹചര്യത്തില്‍ ഇവിടെയും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന്ന് മലപ്പുറം പാര്‍ലിമെന്റ് മെംമ്പര്‍ ഇ.അഹമ്മദ് സാഹിബ് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുുണ്ടോട്ടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മുന്കയ്യെടുത്ത് ഒരു ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഒട്ടും വൈകാതെ ഇതിന്റെ പ്രവര്ത്തനം തുടങ്ങും. വേങ്ങരയില്‍ അല്‍-അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്ത്തനത്തിന്റെ ഭാഗമായി ഒരു ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. വളവന്നൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്ക പ്രവര്ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി മുന്‍ കയ്യെടുത്ത് നടത്തിയ പ്രവര്ത്തനങ്ങളുടെ ഫലമായാണ് ഈ രംഗത്ത് കേരളത്തിലെ മറ്റൊരു ജില്ലയിലുമില്ലാത്ത പ്രവര്ത്തനങ്ങള്‍ മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചത്.

      പ്രാദേശികായി ജനകീയ കമ്മറ്റികള്‍ രൂപീകരിച്ച് കൊണ്ടാണ് ഡയാലിസിസ് യൂണിറ്റുകളുടെ തുടര്‍ പ്രവര്ത്തനങ്ങള്‍ നടത്തുന്നത്. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ യൂണിറ്റുകളുടെ പ്രവര്ത്തനത്തെ ഉദാരമായ സംഭാവനകള്‍ നല്കി സഹായിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഈ ഡയാലിസിസ് യൂണിറ്റുകളുടെ നടത്തിപ്പിന് സാമ്പത്തികമായി സഹായിക്കുവാന്‍ ഗവ: പ്രത്യേക ഉത്തരവിലൂടെ അനുമതി നല്കീട്ടുണ്ട്.

ബോധവല്‍ക്കരണം

      വൃക്ക രോഗം പിടിപെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നതിനോടൊപ്പം രോഗം വരാതെ സൂക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളില്‍ ബോധവല്കരണം നടത്തുന്നതിനും കിഡ്നി സൊസൈറ്റി പ്രത്യേക പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഓരോ വര്ഷങ്ങളിലും കാമ്പയിന്‍ സംഘടിപ്പിക്കുന്ന സമയത്ത് വൃക്ക രോഗത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങിയവ വിശദീകരിച്ച് കൊണ്ടുള്ള ലഘു ലേഖകള്‍  അച്ചടിച്ച് വീടുകള്‍ തോറും വിതരണം ചെയ്യാറുണ്ട്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും കുട്ടികള്ക്കും കുട്ടികള്‍ മുഖേന രക്ഷിതാക്കള്ക്കും ത്രതില പഞ്ചായത്ത് ജന പ്രതിനിധികള്ക്കും, അവര്‍ മുഖേന പൊതു ജനങ്ങള്ക്കുമായി ഇതിനകം വിവിധ വര്ഷങ്ങളിലായി 20 ലക്ഷത്തോളം ലഘു ലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ചന്ദ്രിക, എന്നീ ദിന പത്രങ്ങളും മലയില്‍ ഫുഡ്സ്, മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടക്കല്‍ മിംസ് ഹോസ്പിറ്റല്‍, എന്‍.ആര്‍.എച്ച്.എം തുടങ്ങിയ സ്ഥാപനങ്ങളും ഈ ലഘു ലേഖകള്‍ സ്പോണ്സര്‍ ചെയ്യുകയുണ്ടായി. ജില്ലയിലെ 1800 ഓളം വിദ്യാലയങ്ങളിലെ ഓരോ അധ്യാപകര്ക്കും ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് ഡോക്ടര്മാരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലന ക്ലാസ്സ് നടത്തുകയുണ്ടായി. അധ്യാപകര്‍ മുഖേന വിദ്യാലയങ്ങളിലെ സഹ അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും ഈ ക്ലാസ്സുകള്‍ തുടര്ന്ന് നല്കി. ജസ്റ്റ് എ മിനുട്ട് എന്ന പേരില്‍ 45 മിനിറ്റ് ദൈര്ഘ്യമുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കി എല്ലാ വിദ്യാലയങ്ങള്ക്കും ക്ലബ്ബുകള്ക്കും വിതരണം ചെയ്തു. വൃക്ക രോഗം സംബന്ധിച്ച എല്ലാ കാര്യങ്ങളും ഹൃദയ സ്പര്ശിയായി അവതരിപ്പിക്കുന്നതാണ് ഈ ഡോക്യുമെന്ററി. സ്പോണ്സര് ഷിപ്പ് വഴിയാണ് ഈ ഡോക്യുമെന്ററിയും തയ്യാറാക്കിയത്.

       തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ അംഗങ്ങള്ക്കും കുടുംബശ്രീ അയല്ക്കൂട്ടങ്ങളിലെ മുഴുവന്‍ സ്തത്രീകള്ക്കും ബോധവല്കരണ ക്ലാസ്സ് നല്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

വൃക്ക രോഗ നിര്ണ്ണയ ക്യാമ്പുകള്‍

     വൃക്കകള്ക്ക് തകരാര്‍ സംഭവിക്കുന്നത് മുന്കൂട്ടി കണ്ടെത്താന്‍ കഴിയാതെ രണ്ട് വൃക്കകളും പ്രവര്ത്തന രഹിതമായതിന് ശേഷം മാത്രം രോഗ നിര്ണ്ണയം നടത്തുകയും പിന്നീട് മരണം വരെ ഡയാലിസിസ് നടത്തുകമാത്രം ചികിത്സാ മാര്ഗ്ഗമായി സ്വീകരിക്കേണ്ടി വരികയും ചെയ്യുന്നവരാണ് മിക്ക രോഗികളും. രോഗ ലക്ഷണങ്ങള്‍ മുന്‍ കൂട്ടി കണ്ടെത്താന്‍ കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് രണ്ട് വൃക്കകളും പ്രവര്ത്തന രഹിതമാവുന്നതിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. രോഗികള്ക്ക് സഹായവും രോഗം വരാതിരിക്കാന്‍ ബോധവല്കരണവും സൌജന്യ ചികിത്സവും നല്കുന്നതോടൊപ്പം രോഗ നിര്ണ്ണയ ക്യാമ്പുകളും സംഘടിപ്പിക്കുവാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.

         വളരെ സങ്കീര്ണ്ണവും ശ്രമകരവുമായ ഈ പ്രവര്ത്തനത്തിന് കിഡ്നി സൊസൈറ്റിയെ സഹായിക്കുവാന്‍ പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷന്സ് അസ്സോസിയേഷന്റെ മലപ്പുറം ജില്ലാ കമ്മറ്റി സന്നദ്ധമായി മുന്നോട്ട് വന്നു. ജില്ലയിലെ വിവിധ മേഖലകളില്‍ സംഘടനയില്‍ അംഗങ്ങളായ ടെക്നനീഷ്യന്‍സ് സൌജന്യ സേവനത്തിന് സന്നദ്ധമാവുകയും ലബോറട്ടിറികള്ക്ക് അവധിയായ ഞായറാഴ്ചകളില്‍ സൌജന്യ വൃക്ക രോഗ നിര്ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ മുന്നോട്ട് വരികയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ രംഗത്ത് സന്നദ്ധ പ്രവര്ത്തനം നടത്തി കൊണ്ടിരിക്കുന്ന സംഘടനകുളുടെ സഹായത്തോടെ സൌജന്യ വൃക്ക രോഗ നിര്ണ്ണയ ക്യാമ്പുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ് 200-250 പേര്‍ ഓരോ ക്യമ്പിലും പരിശോധനക്കായി എത്തുന്നുണ്ട്. പരിശോധിക്കപ്പെടുന്നവരില്‍ 4% മുതല്‍ 6% വരെ രോഗ ലക്ഷണങ്ങളുള്ള വരെ കണ്ടെത്തുന്നുണ്ട്. അപൂര്‍വ്വം സ്ഥലങ്ങളില്‍ 10% വരെ രോഗ സാധ്യതയുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ നെഫ്റോളജിറ്റിന്റെയടുത്തേക്ക് പറഞ്ഞയക്കുകയും തുടര്‍ ചികിത്സക്ക് സൌകര്യമൊരുക്കുകയുമാണ് ചെയ്യുന്നത്.

ആരോഗ്യ സ്പര്ശം (സൌജന്യ നിരക്കില്‍ ലാബ് ടെസ്റ്റുകള്‍)

       വൃക്ക രോഗികള്ക്ക് നിരന്തരമായി വിവിധ ടെസ്റ്റുകള്‍ നടത്തേണ്ടി വരുന്നുണ്ട്. ഡയാലിസിസ് നടത്തേണ്ടി വരുന്നവര്ക്ക് പരിശോധനകള്‍ മുടക്കം കൂടാതെ കൃത്യമായ ഇടവേളകളില്‍ നടത്തണം. വൃക്ക മാറ്റി വെച്ചവര്ക്കും ഡയാലിസിസിലേക്ക് എത്തിപ്പെട്ടിട്ടില്ലാത്തവര്ക്കും ചിലവേറിയ പരിശോധനകള്‍ ആവശ്യമാണ്. ചികിത്സയുടെ ഭാഗമായി ഈ പരിശോധനകള്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ പ്രൈവറ്റ് മെഡിക്കല്‍ ടെക്മനീഷ്യന്റ്സ് അസോസിയേഷന്‍ വൃക്ക രോഗികള്ക്ക് ഈ കാര്യത്തില്‍ ആശ്വാസം പകര്ന്ന് നല്കുന്നതിന് സന്നദ്ധമായി മുന്നോട്ട് വന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്ത്തിക്കുന്ന കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹായം ലഭിച്ച് കൊണ്ടിരിക്കുന്ന എല്ലാ രോഗികള്ക്കും ലാബു ടെസ്റ്റുകളില്‍ 50% ഇളവ് അനുവദിക്കുവാന്‍ സമ്മതിച്ചു. ഇത്തരമൊരു പദ്ധതിയില്‍ കണ്ണികളാവാന്‍ സന്നദ്ധതയുള്ള ലബോറട്ടറികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇപ്രകാരം ലഭിച്ച അപേക്ഷകരുടെ സ്ഥാപനങ്ങളിലെ സൌകര്യങ്ങള്‍ സംഘടനാ ഭാരവാഹികള്‍ പരിശോധിച്ചു. തുടര്ന്ന് ഇത്തരം സ്ഥാപനങ്ങളുടെ പട്ടിക അച്ചടിച്ച് പ്രത്യേക പാസ്സ് ബുക്ക് തയ്യാറാക്കുകയും ഈ പാസ്സ് ബുക്കില്‍ രോഗിയുടെ ഫോട്ടൊ പതിച്ച് കിഡ്നി സൊസൈറ്റിയുടെയും മെഡിക്കല്‍ ടെക്നീഷ്യന്റ്സ് അസോസിയേഷന്റെയും സീലുകള്‍ പതിക്കുകയും ഈ പാസ്സ് ബുക്കുകള്‍ രോഗികള്ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്ന ലബോറട്ടറികളുടെ മുന്നില്‍ പ്രദര്ശിപ്പിക്കുന്നതിന് ഒരു പ്രത്യേക സര്ട്ടിഫിക്കറ്റ് തയ്യാറാക്കി നല്കുകുകയും ചെയ്തു. വൃക്ക രോഗവുമായി ബന്ധപ്പെട്ട പരിശോധനകള്ക്ക് 50% വും രോഗികള്ക്ക് 20% വുമാണ് ആരോഗ്യ സ്പര്ശം എന്ന് പേരു നല്കീട്ടുള്ള ഈ പദ്ധതിയില്‍ ലഭ്യമാവുന്ന ആനുകൂല്യം. മലപ്പുറം ജില്ലയിലെ വൃക്ക രോഗികള്ക്ക് ഏറ്റവും വലിയൊരു ആശ്വാസമാണ് ആരോഗ്യ സ്പര്ശത്തിലൂടെ ലഭിക്കുന്നത്.

സാമ്പത്തിക ബാധ്യത

         ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് ഈ പദ്ധതി മുടങ്ങാതെ മുന്നോട്ട് കൊണ്ട് പോവാന്‍ ആവശ്യമായി വരുന്നത്. 2015 ജനുവരി മാസത്തെ കണക്ക് പ്രകാരം ഡയാലിസിസ് നടത്തുന്ന 988 രോഗികള്ക്ക് 2000 രൂപ തോതില്‍ മാസാന്തം സഹായം നല്കുവാന്‍ മാത്രം ഒരു വര്ഷം 2.37 കോടി രൂപ വേണം. വൃക്ക മാറ്റി വെച്ച 359 രോഗികള്ക്ക് മരുന്ന് നല്കുന്നതിന് 1.72 കോടി രൂപ ഒരു വര്ഷത്തേക്ക് വേണം. നടന്ന് കൊണ്ടിരിക്കുന്ന സൌജന്യ ഡയാലിസിസ് യൂണിറ്റുകളുടെ ഒരു വര്ഷത്തെ നടത്തിപ്പിന്ന് 1.50 കോടി രൂപ വേണം. പുതിയ യൂണിറ്റുകള്‍ ഇനിയും സ്ഥാപിക്കുന്നതിന് 3 കോടി രൂപ വേണം. വൃക്ക രോഗ നിര്ണ്ണയ ക്യാമ്പുകള്‍, ബോധവല്കരണ ക്യാമ്പയിനുകള്‍, സൊസൈറ്റിയുടെ ഓഫീസ് ചിലവുകള്‍ തുടങ്ങിയവക്ക്  3 ലക്ഷം രൂപയും വേണം. ഒരു വര്ഷം എല്ലാം കൂടി 8.62 കോടി രൂപയാണ് വേണ്ടി വരുന്നത്.

ബാങ്ക് അക്കൌണ്ട് നമ്പര്‍

       സൊസൈറ്റിയുടെ ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത് രണ്ട് ബാങ്കുകളിലാണ്. ബാങ്ക് അക്കൌണ്ട് നമ്പറുകള്‍ ചുവടെ കൊടുക്കുന്നു. ഇത്രയും മഹത്തായ ഒരു ജീവ കാരുണ്യ പ്രവര്ത്തനം ജനങ്ങളില്‍ നിന്ന് സംഭാവന പിരിവെടുത്ത് നടത്തി കൊണ്ട് പോവുന്നത് മലപ്പുറത്ത് മാത്രമാണ്. അന്താരാഷ്ട്ര തലത്തിലുള്ള ഒരു ഏജന്സിയുടെയും സഹായം ഈ പ്രവര്ത്തനത്തിന് ലഭിക്കുന്നില്ല. കേന്ദ്ര - സംസ്ഥാന സര്ക്കാരുകളും ഈ പ്രവര്ത്തനത്തിന് സാമ്പത്തിക സഹായം നല്കുന്നില്ല. ഉദാരമതികളുടെ സംഭാവന മാത്രമാണ് ഈ പ്രവര്ത്തനത്തിന്ന് പ്രചോദനവും പ്രതീക്ഷയും.

അക്കൌണ്ട് നമ്പര്‍

1. നമ്പര്‍.എസ്.ബി-253 മലപ്പുറം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഈവനിംഗ് ബ്രാഞ്ച്, കുന്നുമ്മല്‍, മലപ്പുറം.

2. നമ്പര്‍.എസ്.ബി-31485903180 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മലപ്പുറം.

(ഐ.എഫ്.എസ്.സി എസ്.ബി.ഐ.എന്‍‍‍‍ 008659) ഓണ്‍ലൈനായി പണമടക്കാം.

ഡി.ഡി, ചെക്ക് എന്നിവ കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന പേരിലാണ് എഴുതേണ്ടത്.

         മനസ്സലിവുള്ള ഏതൊരാള്ക്കും ഈ ജീവ കാരുണ്യ പ്രവര്ത്തനത്തിന്ന് സംഭാവന നല്കി സഹായിക്കാം. സംഭാവന എത്ര വലുതായാലും അധികമാവില്ല.

 

      കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍

രക്ഷാധികാരി

ശ്രീ. എ.പി ഉണ്ണികൃഷ്ണന്‍   (ബഹു:പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത്)

ശ്രീ. അമിത് മീണ ഐ.എ.എസ് (ബഹു:ജില്ലാ കലക്ടര്‍)

ചെയര്മാന്‍

ഡോ: എം. അബ്ദുല്‍ മജീദ്

വൈസ് ചെയര്മാന്‍മാര്‍

ശ്രീ. പി.എം. ഷാഹുല്‍ ഹമീദ്

ശ്രീ. അബു തറയില്‍

ജനറല്‍ കണ്‍വീനര്‍

ശ്രീ. ഉമ്മര്‍ അറക്കല്‍ (ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്)

കണ്‍വീനര്മാര്‍

എ.കെ അബ്ദുല്‍ കരീം

അബൂബക്കര്‍ പെരിന്തല്‍മണ്ണ

ട്രഷറര്‍

ഡോ: അബൂബക്കര്‍ തയ്യില്‍

മെമ്പര്‍മാര്‍

ശ്രീമതി. സക്കീന പുല്‍പ്പാടന്‍

ശ്രീ. വി.സുധാകരന്‍

ശ്രീമതി. ഹാജറുമ്മ ടീച്ചര്‍

ശ്രീമതി. അനിത കിഷോര്‍

ശ്രീ. സലീം കുരുവമ്പലം

ഡോ. ജയകൃഷ്ണന്‍

ശ്രീ. ഫൈസല്‍.പി

ശ്രീ. ഇ.അബ്ജുല്‍ മജീദ്

ശ്രീ. ഹനീഫ മുന്നിയൂര്‍

ശ്രീ. പി.ഉമര്‍ മാസ്റ്റര്‍

ശ്രീമതി. ഷഹീദ.കെ

ഡോ. അബ്ദുള്ള മണിമ

കെ.എം ബഷീര്‍ പൂക്കോട്ടുംപാടം

 


 


 


 


 


 

 



image